;

ബാങ്ക് സമരം പിൻവലിച്ചു; ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ

ബാങ്ക് സമരം പിൻവലിച്ചു; ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ

ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചതായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിസംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുടെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ സാധ്യതകളും സമിതി പരിശോധിക്കും.

ബാങ്കിങ് മേഖലയിലെ മറ്റ് പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരം കാണുമെന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചതായാണ് വിവരം. ഇതോടെയാണ് പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിക്കാൻ യുഎഫ്ബിയു തീരുമാനിച്ചത്. സമരം ഒഴിവാക്കിയ സാഹചര്യത്തിൽ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.

മൂന്ന് ദിവസത്തെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ആഴ്ചയിലെ ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.

പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ബാങ്ക് യൂണിയനുകൾ മുന്നോട്ടുവച്ചിരുന്നു.

ഈ ആവശ്യങ്ങളിൽ ചിലത് നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. ഞായറാഴ്ച നടന്ന ചർച്ചകളിൽ വിഷയങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിവച്ചത്.

;