തിരുവനന്തപുരം∙: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയതിന് പിന്നാലെ കുടുംബത്തെ ഒന്നടങ്കം ചോദ്യം ചെയ്ത് പൊലീസ്. ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിൽ മരണപ്പെട്ട നിലയിൽ എങ്ങനെ കണ്ടെത്തി എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു ഇന്നലെ ബാലരാമപുരം പൊലീസ് സ്‌റ്റേഷനിലെത്തി 30 ലക്ഷം രൂപ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള പരാതിയില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാല്‍ എഴുതി തയാറാക്കിയ പരാതി നല്‍കാന്‍ പറഞ്ഞു പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍ ഹരികുമാര്‍, മുത്തശി എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സ്വകാര്യ ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ശ്രീതു. കുടുംബം കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന സംശയം പൊലീസ് തളളിയിരുന്നു. മുറിയില്‍ കുരുക്കിട്ട കയര്‍ കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംശയം തോന്നിയത്.
കഴിഞ്ഞ ദിവസം രാത്രി കുട്ടി സഹോദരന്റെ മുറിയിലായിരുന്നുവെന്നാണ് അമ്മ പറയുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്കുശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു. കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നും അമ്മ പറഞ്ഞു. അതേസമയം, കുട്ടി കിടന്നത് മാതാപിതാക്കളുടെ ഒപ്പമാണെന്നാണ് പൊലീസ് കരുതുന്നത്. സഹോദരന്റെ മുറിയിലെ കട്ടില്‍ കത്തിയ നിലയിലാണെന്നാണു പൊലീസ് പറയുന്നത്. പുലര്‍ച്ചെ എന്തു സംഭവിച്ചുവെന്നതിന്റെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
Leave feedback about this