കോട്ടയം: അയർക്കുന്നത്ത് മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മൂത്തമകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന (40), മകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മരിയ തെരേസ ഇന്നലെ പുലർച്ചെ മരണത്തിന് കീഴടങ്ങി. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് ജോസ്നയും മരിച്ചു. ജോസ്നയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇരുവരുടെയും സംസ്കാരം പിന്നീട് നടത്തും.
സംഭവത്തിൽ ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇളയ മകൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച ഉച്ചമുതൽ ജോസ്നയുടെ സഹോദരൻ പലതവണ ഫോൺ ചെയ്തിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വൈകിട്ട് വീട്ടിലെത്തുകയായിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പിൻവാതിൽ തുറന്ന് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. ജോബിയെയും ജോസ്നയെയും മകളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്