* വീട് നവീകരണത്തിനും ജീവിതച്ചിലവിനുമായി
അഞ്ച് ലക്ഷം രൂപയുടെ ധനസഹായവും കൈമാറി
കണ്ണൂർ: പിഞ്ചുകുഞ്ഞുങ്ങളുൾപ്പെട്ട കുടുംബവുമായി ജപ്തി ചെയ്ത വീടിൻറെ അടുക്കള വരാന്തയിൽ കഴിഞ്ഞ മുൻ ത്രോ ബോൾ താരം അശ്വതിക്ക് സഹായവുമായി എം.എ യൂസഫലി. കേരളാ ബാങ്കിലെ കടബാധ്യത ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അടച്ചു തീർത്ത് വീടിന്റെ താക്കോൽ കൈമാറി. എം.എ യൂസഫലിയുടെ നിർദേശാനുസരണം ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്നാണ് അശ്വതിയുടെ വീടിന്റെ താക്കോൽ തളിപ്പറമ്പിലെ വീട്ടിലെത്തി കൈമാറിയത്. പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നും തന്റെ കുടുംബം യൂസഫലി സാറിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അശ്വതി നിറകണ്ണുകളോടെ പ്രതികരിച്ചു. യൂസഫലി സാറിനെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹവും അശ്വതി പങ്കുവച്ചു.

സ്വന്തമായി ഒരു വീട് പണിയുന്നതിനായി കേരള ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്ന് എടുത്ത 15 ലക്ഷം രൂപയുടെ വായ്പ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് അശ്വതിയുടെ ജീവിതം ദുരിതത്തിലായത്. വീട് നിർമ്മിക്കാനായി ആകെയുണ്ടായിരുന്ന ഭൂമി പണയം വെച്ച് കേരളാ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ എടുത്തു. ഭർത്താവ് നിധിന് അപകടത്തിലുണ്ടായ പരിക്കോടെ ജീവിത വരുമാനവും നിലച്ചു. അമ്മയും അച്ഛനും രോഗികൾ കൂടിയായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും കൂട്ട് പലിശയും ഉൾപ്പടെ 35 ലക്ഷം രൂപ തിരിച്ചടക്കാതെ വന്നതോടെ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത് സീൽ ചെയ്തു. ഈ വീടിന്റെ അടുക്കള വരാന്തയിലാണ് കഴിഞ്ഞ നാല് മാസമായി അശ്വതിയും കുഞ്ഞുങ്ങളും താമസിക്കുന്നത്.

ലണ്ടനിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടയിലാണ് അശ്വതിയുടെ ദുരിത വാർത്ത എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വേഗത്തിൽ തന്നെ വിഷയത്തിൽ ഇടപെടുകയും ബാങ്കിലെ മുഴുവൻ ബാധ്യതകളും ഏറ്റെടുക്കുകയായിരുന്നു. ലുലു പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ 35 ലക്ഷത്തിന്റെ ബാധ്യത 22 ലക്ഷമായി കേരള ബാങ്ക് ഇളവ് നൽകുകയും ഈ തുക എം.എ യൂസഫലിക്ക് വേണ്ടി ലുലു പ്രതിനിധികൾ ബാങ്കിൽ അടയ്ക്കുകയും ചെയ്തു. ലുലു കോഴിക്കോട് ഡയറക്ടർ ഷെരീഫ് മാട്ടിൽ അശ്വതിയുടേയും കുടുംബത്തിന്റേയും ദുരിത ജീവിതം നേരിട്ട് കണ്ട് മനസിലാക്കി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അശ്വതിയുടെ വീടിന്റെ നവീകരണത്തിനും ചിലവുകൾക്കുമായി അഞ്ച് ലക്ഷം രൂപ കൂടി സഹായധനമായി കൈമാറുകയും ചെയ്തു.
പടം അടിക്കുറിപ്പ്:
മുൻ ത്രോ ബോൾ താരം അശ്വതിയുടെ വീടിന്റെ ജപ്തിയൊഴിവാക്കി വീടിന്റെ താക്കോൽ ലുലു പ്രതിനിധികളായ മീഡിയ ഹെഡ് എൻ.ബി സ്വരാജും കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്ന് കൈമാറുന്നു. കേരള ബാങ്ക് വൈസ് ചെയർമാൻ ടി.വി രാജേഷും, കേരള ബാങ്ക് പ്രതിനിധികളും സമീപം.
മുൻ ത്രോ ബോൾ താരം അശ്വതിയും കുടുംബവും വീട്ടിലേക്ക് തിരികെ പ്രവേശിക്കുന്നു. ബാങ്ക് നടപടികൾ പൂർത്തിയാക്കി താക്കോൽ തിരികെ നൽകി ലുലു പ്രതിനിധികളും സമീപം.