;

സ്‌കൂട്ടറും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴുവയസുകാരന് ദാരുണാന്ത്യം

സ്‌കൂട്ടറും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂട്ടറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുവയസുകാരന് ദാരുണാന്ത്യം. മുതലമട അടവുമരം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണുവിന്റെയും അനറ്റിന്റെയും മകൻ ശ്രീഹരിയാണ് മരിച്ചത്. കൊല്ലങ്കോട്–മംഗലം–ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഗോവിന്ദാപുരം ആർടിഒ ചെക്ക്‌പോസ്റ്റിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടറിൽ അതേ ദിശയിലെത്തിയ ചരക്കുലോറി ഇടിക്കുകയായിരുന്നു. സ്‌കൂൾ വിട്ടശേഷം മക്കളായ ശ്രീഹരിയെയും ഇളയകുട്ടി സൈലനെയും (5) കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ലോറിയുടെ വശം സ്‌കൂട്ടറിന്റെ ഹാൻഡിൽ ഭാഗത്ത് ഇടിച്ചതോടെ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ പിന്നിലിരുന്ന ശ്രീഹരിയുടെ ദേഹത്തുകൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗോവിന്ദാപുരം അതിർത്തിക്കപ്പുറം തമിഴ്‌നാട് ഭാഗത്തുള്ള ശ്രീ കന്തസ്വാമി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ശ്രീഹരി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പൊള്ളാച്ചി സ്വദേശി ഉദയകുമാറിനെതിരെ (53) കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

മുമ്പ് ചെമ്മണാമ്പതി ഭാഗത്ത് താമസിച്ചിരുന്ന വിഷ്ണുവും കുടുംബവും അടുത്തിടെയാണ് ചുള്ളിയാർ ഡാമിന് സമീപമുള്ള അടവുമരം ഭാഗത്തേക്ക് താമസം മാറിയത്.

;