എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡർമാരുടെ സമരം അവസാനിപ്പിക്കാൻ ഒത്തുതീർപ്പ് നീക്കവുമായി സർക്കാർ. ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. അധ്യാപക-വിദ്യാർഥി അനുപാതം നിലവിലെ 1:30ൽ നിന്ന് 1:25 ആയി കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്.
മന്ത്രിസഭാ യോഗത്തിന് ശേഷം സമരക്കാരുമായി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചില ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് സാമ്പത്തികവും ഭരണപരവുമായ തടസ്സങ്ങളുണ്ട്.
അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്നതാണ് റാങ്ക് ഹോൾഡർമാരുടെ പ്രധാന ആവശ്യം. സർക്കാർ സ്കൂളുകളിൽ മാത്രം ഈ ഇളവ് അനുവദിക്കാനാകുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതുവഴിയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിന്റെ അഭിപ്രായം തേടും. അനുപാതത്തിലെ ഇളവ് ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
2017ൽ ഹൈസ്കൂൾ അധ്യാപക-വിദ്യാർഥി അനുപാതം ഒരു വർഷത്തേക്ക് 1:45ൽ നിന്ന് 1:40 ആയി കുറച്ചിരുന്നു. സമാനമായ രീതിയിൽ എൽപിഎസ്ടി നിയമനങ്ങളിലും താൽക്കാലിക ഇളവുകൾ അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
മന്ത്രിസഭാ യോഗത്തിലെ തീരുമാനം എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരത്തിന്റെ തുടർനീക്കങ്ങളിൽ നിർണായകമാകും.