;

ദീപാവലി ആഘോഷത്തിനിടെ നടുറോഡിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചുകൊന്നു

ദീപാവലി ആഘോഷത്തിനിടെ നടുറോഡിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചുകൊന്നു

മദ്യലഹരിയിലായിരുന്ന യുവാക്കളുടെ ആക്രമണം; നാല് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ യുവാക്കളുടെ സംഘം മർദിച്ചുകൊലപ്പെടുത്തി. തേനി ജില്ലയിലെ സമധർമ്മപുരത്താണ് സംഭവം. പൊതുവഴി തടഞ്ഞ് പടക്കം പൊട്ടിക്കുകയും സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരുസംഘം യുവാക്കൾ പൊതുവഴി തടഞ്ഞ് നടുറോഡിൽ പടക്കം പൊട്ടിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്തിൽ കുമാർ സ്ഥലത്തെത്തി യുവാക്കളുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു.

ഇതോടെ യുവാക്കളും ഉദ്യോഗസ്ഥനും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന യുവാക്കൾ സെന്തിൽ കുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കുള്ള മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

തേനി എസ്.പി. പ്രവീൺ ഗൗതം സംഭവസ്ഥലം സന്ദർശിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

;