ഷാർജ: അമ്മമാരുടെ സ്നേഹവും ജീവിതാനുഭവങ്ങളും ഹൃദയസ്പർശിയായി അടയാളപ്പെടുത്തുന്ന ടി.എൻ. പ്രതാപന്റെ പുതിയ പുസ്തകം ‘അമ്മേ… അനുപമ സൗന്ദര്യമേ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുസ്തകം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കൈമാറി പ്രകാശനം ചെയ്തു.
ടി.എൻ. പ്രതാപന്റെ പത്താമത്തെ പുസ്തകമാണിത്. അമ്മമാരെക്കുറിച്ച് പ്രതാപൻ തയ്യാറാക്കിയ രചനയിൽ സ്വന്തം മാതാവിനൊപ്പം അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി അമ്മമാരുടെ ജീവിതവും അനുഭവങ്ങളുമാണ് വിഷയമാകുന്നത്.
ഷാർജ ഭരണാധികാരിക്ക് പുസ്തകം കൈമാറിയ ശേഷമാണ് പ്രകാശനവിവരം എം.എ. യൂസഫലി സദസിനെ അറിയിച്ചത്. ചടങ്ങിന് തൊട്ടുമുമ്പ് ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുസ്തകം അദ്ദേഹത്തിന് കൈമാറി പ്രകാശനം നിർവഹിച്ചതെന്ന് യൂസഫലി പറഞ്ഞു.
ഒരു മലയാളിക്ക് ലഭിക്കുന്ന അപൂർവ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് ടി.എൻ. പ്രതാപൻ പ്രതികരിച്ചു. അമ്മയെക്കുറിച്ച് നേരത്തെ എഴുതിയ ഗസലിലെ വരികളാണ് പുസ്തകത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്.
അമ്മ എന്ന വികാരത്തെ രാഷ്ട്രീയത്തിനും സാമൂഹിക അതിരുകൾക്കും അപ്പുറം മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ സ്നേഹസാന്നിധ്യമായി അവതരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.