കൊച്ചി: മലയാള മനോരമയുടെ അക്ഷരമുറ്റത്ത്, വെള്ളക്കടലാസിൽ മേയർ വി.കെ.മിനിമോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട വാചകമെഴുതി; ‘കൊച്ചിയിലേക്ക് സുസ്വാഗതം.’ വിഖ്യാത എഴുത്തുകാരനും ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടറുമായ എൻ.എസ്.മാധവൻ കുറിച്ചതിങ്ങനെ: ‘നാവിൽ മലയാളം, നെഞ്ചിൽ കേരളം.’ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ.നിഷാദ് എഴുതിയ പ്രിയവാക്യം ‘കൂടെ കൂടാം’ എന്നായിരുന്നു. കൊച്ചിയിലേക്കു വീണ്ടും ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ വരവറിയിച്ചുള്ള ‘വാചകമേള’ പ്രചാരണയാത്രയ്ക്ക് ഈ 3 വാക്യങ്ങൾ ശേഖരിച്ചുകൊണ്ട് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ക്യാംപസുകളിലേക്കെത്തുന്ന റോഡ് ഷോ, മേയർ മിനിമോളും മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യുവും എൻ.എസ്.മാധവനും നിഷാദും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.
തേവര എസ്‌എച്ച് കോളജ്, തൃപ്പൂണിത്തുറ ആർഎൽവി കോളജ് എന്നിവിടങ്ങളിലേക്കെത്തിയ പ്രചാരണവാഹനത്തെ കവിതചൊല്ലിയും പാട്ടുപാടിയും നൃത്തച്ചുവടുകൾവച്ചും വിദ്യാർഥികൾ വരവേറ്റു. പ്രിയവാക്യങ്ങളെഴുതി അവർ ഹോർത്തൂസിന്റെ ഭാഗമായി. പങ്കെടുത്ത വിദ്യാർഥികൾക്കു സമ്മാനങ്ങൾ നൽകി.
റോഡ് ഷോ ഇന്നു പത്തനംതിട്ടയിലെത്തും. രാവിലെ 10 നു തിരുവല്ല മാർത്തോമ്മാ കോളജ്, 12 നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, മൂന്നിനു പന്തളം എൻഎസ്എസ് കോളജ് ക്യാംപസുകളിൽ സന്ദർശനം. ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിലാണു ഹോർത്തൂസ്. ‘ജീവിതം തൊട്ട്_അടുത്ത്’ എന്നതാണ് ഇത്തവണത്തെ പ്രമേയം.