കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപം കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് അറസ്റ്റിൽ.
ടിവികെയുടെ സെൻട്രൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറെയാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിലിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എം.എ.യ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ടിവികെ പ്രവർത്തകനായ സുഹൃത്തിനൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥിനി. ഇതിനിടെ കാറിലെത്തിയ ക്രിസ്റ്റഫർ മഴ ചൂണ്ടിക്കാട്ടി ഇരുവർക്കും ലിഫ്റ്റ് വാഗ്ദാനം ചെയ്തു. യാത്രാമധ്യേ വിദ്യാർത്ഥിനിയുടെ സുഹൃത്തിനെ ഇറക്കിവിട്ടശേഷം, പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജനമായ സ്ഥലത്ത് കാർ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാർത്ഥിനി മാതാപിതാക്കളെ വിവരമറിയിക്കുകയും തക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ ക്രിസ്റ്റഫറിനെ പോലീസ് തിരച്ചിലിനൊടുവിൽ പിടികൂടുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ടിവികെയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.