ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ക്ഷമാപണം നടത്തി ശിവസേന (യു.ബി.ടി) എംപി സഞ്ജയ് റാവത്ത്. ക്രിമിനൽ കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയിൽ ക്ഷമാപണ സത്യവാങ്മൂലം സമർപ്പിച്ചത്. കോടതിയുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൂർണമായി മനസ്സിലാക്കുന്നുവെന്ന് റാവത്ത് വ്യക്തമാക്കി.
എന്നാൽ, ക്ഷമാപണ സത്യവാങ്മൂലം ഔദ്യോഗികമായി കോടതി രേഖകളിൽ എത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബർ 17ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും മുഖ്യമന്ത്രിമാർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുക്കാറുണ്ടെന്നുമായിരുന്നു സഞ്ജയ് റാവത്തിന്റെ ആരോപണം. ഭരണപക്ഷ നേതാക്കളെ കാണുന്നതിൽ മടിയില്ലാത്ത ജഡ്ജിമാർക്ക് പ്രതിപക്ഷ നേതാക്കളെ കാണുന്നതിൽ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചിരുന്നു.