കൊച്ചി: അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിനവ്, ജോയൽ, അമീർ എന്നിവരാണ് മറ്റ് പ്രതികൾ. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുത്തത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും വാഹനത്തിന്റെ ഇവന്റ് ഡാറ്റ റെക്കോർഡറിന്റെ (EDR) പരിശോധനാഫലം ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപകടത്തിന്റെ ആഘാതവും സംഭവത്തിന്റെ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിൽ ഈ പരിശോധനാഫലം നിർണായകമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നുവെന്ന സാഹചര്യത്തിൽ രാസപരിശോധനാഫലവും പുറത്തുവരാനുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ വ്യക്തമാകുമെന്നും അറിയിച്ചു.
അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.