;

ചേരാനല്ലൂർ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റുന്നു; ആർ. നിശാന്തിനിക്ക് ചുമതല

ചേരാനല്ലൂർ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റുന്നു; ആർ. നിശാന്തിനിക്ക് ചുമതല

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി ആർ. നിശാന്തിനിയെ നിയമിക്കും. പി. പ്രകാശ് ദക്ഷിണമേഖല ഐജിയാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ചേരാനല്ലൂർ അപകടക്കേസിലെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് എഡിജിപി പി. വിജയൻ റിപ്പോർട്ട് നൽകിയിരുന്നു.

അപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ ചൊവ്വാഴ്ച നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്ഐ കെ.ടി. മനോജ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

;