;

സംസ്ഥാനത്ത് ഓപ്പറേഷൻ സ്പാ കർശനമാക്കുന്നു; 586 സ്പാകൾ പൊലീസ് നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഓപ്പറേഷൻ സ്പാ കർശനമാക്കുന്നു; 586 സ്പാകൾ പൊലീസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും ലൈംഗിക ചൂഷണങ്ങളും തടയാൻ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സ്പാ പരിശോധനകൾ കർശനമാക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതും പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരിഗണനയിലുണ്ട്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ തുടർച്ചയായ പരിശോധനകൾ നടത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ നിർദേശം നൽകി.

കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സംസ്ഥാനത്തെ 586 സ്പാകൾ പൊലീസ് രഹസ്യനിരീക്ഷണത്തിലാണ്. സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസ് വിഭാഗവും സ്പാകളുടെ പ്രവർത്തനങ്ങളും അവിടെയെത്തുന്നവരും നിരീക്ഷിച്ചുവരികയാണ്.

സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ സംസ്ഥാനവ്യാപക പരിശോധന ആരംഭിച്ചത്. വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്.

നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന 44 സ്പാകൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 821 സ്പാകൾ പ്രവർത്തിക്കുന്നതായാണ് കണക്ക്.

;