;

കേരളത്തിൽ അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

  • ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
  • ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
  • ഒക്ടോബർ 22: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
  • ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഇന്നും ഒക്ടോബർ 20-നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒക്ടോബർ 21 മുതൽ 23 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടിമിന്നൽ അപകടകാരിയായതിനാൽ കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ ദൃശ്യമാകണമെന്നില്ലാത്തതിനാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക.
  • ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുത്.
  • കെട്ടിടത്തിനുള്ളിൽ കഴിയുകയും ഭിത്തിയിലും തറയിലും നേരിട്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ചെയ്യുക.

ഇടിമിന്നൽ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി വരുത്താനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതോപകരണങ്ങൾക്കും നാശനഷ്ടമുണ്ടാക്കാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

;