തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യച്ചട്ടങ്ങളിലും നിയമഭേദഗതികളിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ വിദേശമദ്യച്ചട്ട ഭേദഗതി പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.
ചാലക്കുടിയിലെ ഒരു ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ ജൂണിൽ ലൈസൻസ് അനുവദിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.
വാർത്ത പുറത്തുവന്നതിനു പിന്നാലെ ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്.
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിദേശമദ്യച്ചട്ട ഭേദഗതിയിലൂടെയാണ് 10 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബേക്കറികൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത്.
എന്നാൽ, ബേക്കറികളിൽ വീര്യമുള്ള വൈൻ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതോടെ നിലവിലെ ചട്ടങ്ങളിൽ നിർണായക മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.