;

ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കും: മന്ത്രി കെ. മുരളീധരൻ

ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കും: മന്ത്രി കെ. മുരളീധരൻ

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം : ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഗുണമേന്മയുള്ള മരുന്നുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. പട്ടം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ സംഘടിപ്പിച്ച ‘ക്ഷയരോഗ മുക്ത പഞ്ചായത്ത്’ പുരസ്‌കാര പ്രഖ്യാപനവും വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പകർച്ചവ്യാധികളും രോഗങ്ങളും പ്രതിരോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഓരോ വീടുകളിലേക്കും എത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ തടയുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഫ്രിഡ്ജിലെ വാട്ടർ ട്രേ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പ്രജനനം നടത്തുന്നത് തടയാൻ ശ്രദ്ധിക്കണം. അതിന് ആശാ പ്രവർത്തകരും വാർഡ് മെമ്പർമാരും വീടുകൾ കയറിയുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

കേരളത്തെ ഒരുകാലത്ത് ഏറ്റവും കൂടുതൽ ബാധിച്ച ക്ഷയരോഗവും വസൂരിയും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വൈദ്യശാസ്ത്ര രംഗത്തുണ്ടായ പുരോഗതിയും പ്രതിരോധ പ്രവർത്തനങ്ങളും കാരണമാണ്. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഇത്തരം രോഗങ്ങളെ പൂർണമായി നിർമാർജനം ചെയ്യുക എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും, ക്ഷയരോഗ നിർമാർജനത്തിൽ കൃത്യമായ സമയത്ത് രോഗനിർണയം നടത്തുക, ചികിത്സ പൂർത്തിയാക്കുക, രോഗികൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുക എന്നിവ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിൽ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ നേട്ടം കൈവരിച്ച 28 ഗ്രാമപഞ്ചായത്തുകൾക്കും 4 നഗരസഭകൾക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. അണ്ടൂർക്കോണം, പൂവാർ, നന്ദിയോട്, കല്ലറ എന്നീ പഞ്ചായത്തുകൾ സ്വർണ്ണ മെഡലും, പുല്ലമ്പാറ, വിതുര, വക്കം, ആനാട്, അരുവിക്കര എന്നിവ വെള്ളി മെഡലും കരസ്ഥമാക്കി. പോത്തൻകോട്, കിളിമാനൂർ, ഒറ്റശേഖരമംഗലം, അഴൂർ, കഠിനംകുളം, മാണിക്കൽ, വാമനപുരം, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, വെള്ളനാട്, അതിയന്നൂർ, കാഞ്ഞിരംകുളം, കരിങ്കുളം, ചിറയിൻകീഴ്, പനവൂർ, കടയ്ക്കാവൂർ, ബാലരാമപുരം, മാറനല്ലൂർ, കള്ളിക്കാട് എന്നീ 19 പഞ്ചായത്തുകൾ വെങ്കല മെഡൽ നേടി. നഗരസഭ വിഭാഗത്തിൽ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വർക്കല, നെടുമങ്ങാട് എന്നിവരും പുരസ്‌കാരങ്ങൾക്ക് അർഹരായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഡി.എം നിസ.എ, ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ, ജില്ലാ ടി.ബി. ഓഫീസർ ഡോ. രഞ്ജി കെ. രാജൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അർണോൾഡ് ദീപക്, വാർഡ് കൗൺസിലർ മേരി പുഷ്പം, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

;