കൊച്ചി: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യാപക പരിശോധന ആരംഭിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി വിവിധ സംഘങ്ങളായാണ് ഇ.ഡി. പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ.) രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിൽ നേരത്തെ പ്രതികളാവുകയും അറസ്റ്റിലാവുകയും ചെയ്തവരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസ് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഇ.ഡിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ബാങ്കുകൾ ഇ.ഡിയുടെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ ഇ.ഡി.യും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അങ്കമാലി അർബൻ സഹകരണ സംഘത്തിലും പരിശോധന
എറണാകുളം ജില്ലയിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിലും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് ഇ.ഡി. പരിശോധന നടത്തുന്നത്. തട്ടിപ്പ് നടന്ന കാലയളവിൽ അങ്കമാലി, കാലടി മേഖലകളിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളായിരുന്നു ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നത്. ഇവരിൽ പലരും കേസിൽ പ്രതികളായിട്ടുണ്ടെന്നാണ് വിവരം.
കുട്ടനെല്ലൂർ ബാങ്കിലും പരിശോധന
തൃശ്ശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലും ഇ.ഡി. പരിശോധന തുടരുകയാണ്. ഏകദേശം 32 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. രാവിലെ ബാങ്കിലെത്തിയ ഇ.ഡി. സംഘം രേഖകളും മറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിക്കുന്നതായാണ് വിവരം.
കുട്ടനെല്ലൂർ സഹകരണ ബാങ്കിന് പുറമേ തൃശ്ശൂർ ജില്ലയിൽ മറ്റ് നാലിടങ്ങളിലും ഇ.ഡി. പരിശോധന നടത്തുന്നുണ്ട്.
കോഴിക്കോടും പരിശോധന
കോഴിക്കോട് ഇ.ഡി. യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഏഴോളം കേന്ദ്രങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്. വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും സംബന്ധിച്ച കേസുകളിലാണ് പരിശോധനയെന്നാണ് വിവരം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് ഒരേസമയം വിവിധ ജില്ലകളിൽ പരിശോധന നടക്കുന്നത്.