കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ആക്രമണം. തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം.
കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിൽ ഇടിച്ചാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ട്. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ആക്രമണത്തിന് ശേഷവും മന്ത്രി ഇതേ വാഹനത്തിൽ യാത്ര തുടർന്നു.
പിന്നീട് പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയുമുണ്ടായി.
ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നും ഒളിപ്പോരാളികളെ പോലെയാണ് പ്രതിഷേധക്കാർ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ചതായും അബ്ദുൽ റഷീദ് ആരോപിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. മന്ത്രിയുടെ യാത്രകളിലും പൊതുപരിപാടികളിലും അധിക പൊലീസിനെ വിന്യസിക്കും. മന്ത്രിയുടെ ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രി മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ് പരിസരത്തായിരുന്നു സംഭവം. വാഹനത്തിന് പിന്നാലെ മന്ത്രി യാത്ര ചെയ്ത ഓട്ടോയും തടഞ്ഞതോടെ അദ്ദേഹം കാൽനടയായി പോകുകയായിരുന്നു. സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.