പത്തനംതിട്ട: എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനമേറ്റതായി പരാതി. ജില്ലാ സെക്രട്ടറി ശരത് ലാലിനാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽവച്ച് മർദനമേറ്റതെന്നാണ് ആരോപണം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് ശരത് ലാൽ ആരോപിച്ചു.
പൊലീസ് സ്റ്റേഷന് മുന്നിൽവച്ചും പിന്നീട് വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും മർദിച്ചെന്നാണ് ശരത് ലാലിന്റെ പരാതി. അടൂർ മണക്കാല എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥിയെ കാണാനാണ് ശരത് ലാൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയ അടൂർ പൊലീസിനെ നാട്ടുകാർ ആക്രമിച്ച സംഭവവും നേരത്തെ വിവാദമായിരുന്നു. റൗഡിയെ ഒപ്പം കൂട്ടിയാണ് പ്രതിയെ പിടികൂടാൻ പൊലീസ് പോയതെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അടൂർ എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനിടെയാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽവച്ച് തനിക്ക് മർദനമേറ്റെന്ന പരാതിയുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.