തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി ഓഫീസിലുൾപ്പെടെ പൊലീസ് നടത്തിയ പരിശോധന നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. പരിശോധനയ്ക്കിടെ മാധ്യമപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ചാനൽ ഓഫീസിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണമായും നിയമാനുസൃതമായിരുന്നു. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് നേടിയ ശേഷമാണ് ഒരേസമയം അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരിശോധനയുടെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോഗ്രാഫ് ചെയ്തിരുന്നു. സ്വതന്ത്ര സാക്ഷികളെ പങ്കെടുപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനലിന്റെ സംപ്രേഷണത്തിന് ഒരു സെക്കൻഡ് പോലും തടസ്സമുണ്ടായിട്ടില്ലെന്നും സംപ്രേഷണത്തെ ബാധിക്കാത്ത തരത്തിലാണ് പൊലീസ് പരിശോധന നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. അതിനാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമോ അധികാരദുർവിനിയോഗമോ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഏതെങ്കിലും മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാനോ മാധ്യമവേട്ട നടത്താനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയ്ക്കിടെ അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന കസേരയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. പരിശോധന പൂർത്തിയാകുന്നതുവരെ അസിസ്റ്റന്റ് കമ്മീഷണർ നിൽക്കണമെന്നാണോ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് നിയമവശങ്ങൾ പരിശോധിക്കുകയും ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തു. തുടർനടപടികൾക്ക് നേതൃത്വം നൽകുന്നത് ഈ സംഘമാണെന്നും അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.