സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ജയിലർ 2’-ന്റെ കേരളം, കർണാടക, ഉത്തരേന്ത്യ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ വിതരണാവകാശത്തിനായി ലഭിക്കുന്ന റെക്കോർഡ് തുകയാണിതെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്നാടും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളും ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രധാന മേഖലകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഗോകുലം മൂവീസായിരിക്കും. കേരളം ആസ്ഥാനമായുള്ള ഒരു വിതരണക്കമ്പനി ആദ്യമായി ഒരു തമിഴ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ വിതരണവും ഏറ്റെടുക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്.
വിതരണാവകാശത്തിനായി ഏകദേശം 60 കോടി രൂപ നൽകിയതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ തുകയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഒക്ടോബർ 15ന് ‘ജയിലർ 2’ കേരളം, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗോകുലം മൂവീസ് അവതരിപ്പിക്കും.