കാസർകോട്: ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ്ങും മർദനവും. ആക്രമണത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. മണിമുണ്ട സ്വദേശി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് സിനാനും സുഹൃത്ത് അഹമ്മദ് ഷമീലിനുമാണ് മർദനമേറ്റത്.
മർദനത്തിൽ മുഹമ്മദ് സിനാന്റെ കൈക്ക് പൊട്ടലുണ്ടാകുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. അഹമ്മദ് ഷമീലിന്റെ മുഖത്തും ഗുരുതരമായി മർദനമേറ്റതായി പരാതിയുണ്ട്.
സ്കൂൾ പരിസരത്ത് നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികളുടെ സംഘം വളഞ്ഞിട്ട് ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇതേ സ്കൂളിൽ സമാനമായ രീതിയിൽ റാഗിങ് നടന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതരും ബന്ധപ്പെട്ടവരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.