കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധനയിൽ ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ലെന്ന് ആന്റോ അഗസ്റ്റിൻ. കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും പൂർണമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്ഐടി തന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ആന്റോ വ്യക്തമാക്കി. ഫ്ലാറ്റിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ജേണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എവിടെ വേണമെങ്കിലും പരിശോധന നടത്താം. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിക്കുമെന്നും ആന്റോ വ്യക്തമാക്കി.
അതേസമയം, വാർത്തകൾ എവിടെ നിന്നാണ് ലഭിക്കുന്നത്, കേന്ദ്രത്തിൽ എന്തെങ്കിലും സ്വാധീനമുണ്ടോ, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് തനിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലോ സിപിഎമ്മിലോ ബിജെപിയിലോ ആരുടെയെങ്കിലും പിന്തുണയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾക്കും മറുപടി നൽകാനില്ലെന്ന് ആന്റോ പറഞ്ഞു.
വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തന്റെ കൈയിൽ മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.