;

ഉപയോഗം കൂടി, ഉൽപാദനം കുറഞ്ഞു; സംസ്ഥാനത്ത് പവർകട്ട് തുടരും”

ഉപയോഗം കൂടി, ഉൽപാദനം കുറഞ്ഞു; സംസ്ഥാനത്ത് പവർകട്ട് തുടരും”

കൊച്ചി: സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതും ഉൽപാദനം കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ഒരു സമയത്ത് മാത്രം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയാകാത്ത സാഹചര്യമാണെന്നും ഒന്നിലേറെ തവണ വൈദ്യുതി മുടക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതി ഉൽപാദനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 1000 മെഗാവാട്ടിന്റെ വർധനയാണുണ്ടായിരിക്കുന്നത്. രാത്രി വൈകിയും വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതും എയർ കണ്ടീഷണർ, ഫാൻ തുടങ്ങിയവയുടെ ഉപയോഗം കൂടിയതും ഉപഭോഗം ഉയരാൻ കാരണമായിട്ടുണ്ട്.

വൈദ്യുതി ക്ഷാമം ഉടൻ പരിഹരിക്കാവുന്ന ഒന്നല്ലെന്നും മന്ത്രി വ്യക്തമാക്കി. ദീർഘകാല വൈദ്യുതി കരാറിന് ടെൻഡർ നടപടികൾ ഉൾപ്പെടെ നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അടിയന്തരമായി വൈദ്യുതി വാങ്ങാൻ ഡേ എഹെഡ്, റിയൽ ടൈം മാർക്കറ്റുകൾ ഉണ്ടെങ്കിലും നിലവിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. ഉൽപാദനം കുറയുകയും ആവശ്യകത കൂടുകയും ചെയ്തതോടെ വൈദ്യുതി വിലയും ഉയർന്നിട്ടുണ്ട്.

സോളാർ വൈദ്യുതി സംഭരിക്കാൻ പദ്ധതി

പകൽ ഉൽപാദിപ്പിക്കുന്ന സോളാർ വൈദ്യുതി രാത്രിയിൽ ഉപയോഗിക്കുന്നതിനായി സംഭരിക്കുന്ന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് മയിലാട്ടി, മുള്ളേരിയ, കണ്ണൂർ ശ്രീകണ്ഠപുരം, തിരുവനന്തപുരം പോത്തൻകോട്, മലപ്പുറം അരീക്കോട് എന്നിവിടങ്ങളിലാണ് പദ്ധതികൾ പുരോഗമിക്കുന്നത്. പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ബ്രഹ്മപുരത്ത് 500 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് പദ്ധതി

എറണാകുളം ബ്രഹ്മപുരത്ത് 500 മെഗാവാട്ട് വൈദ്യുതി പകൽ സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി സ്ഥലം സജ്ജമായിട്ടുണ്ട്. പ്രവർത്തനം ഉടൻ ആരംഭിക്കും. കൊച്ചിക്ക് ഏറെ പ്രാധാന്യമുള്ള പദ്ധതിയായതിനാൽ മുഖ്യമന്ത്രിയുടെ പിന്തുണയോടെ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വൈദ്യുതി ഉൽപാദനം 25 ശതമാനം മാത്രം

കേരളം സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 25 ശതമാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ആന്ധ്രപ്രദേശിൽ ഇത് 86 ശതമാനമാണ്. ഇടുക്കി പദ്ധതിക്ക് ശേഷം കേരളത്തിൽ വലിയ വൈദ്യുതി പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രധാനമായും ജലവൈദ്യുതിയെയാണ് കേരളം ആശ്രയിക്കുന്നത്. പുതിയ ജലവൈദ്യുതി പദ്ധതികൾ ആരംഭിക്കുന്നതിലെ ബുദ്ധിമുട്ടും ആണവ വൈദ്യുതിയോടുള്ള എതിർപ്പും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. കൂടംകുളം ഉൾപ്പെടെയുള്ള ആണവ നിലയങ്ങളിൽനിന്ന് കേരളം വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പുതിയ ആണവനിലയം അനുവദിക്കുന്നതിൽ എതിർപ്പുണ്ട്.

പുതിയ ജലവൈദ്യുതി പദ്ധതികളും ആണവ വൈദ്യുതി പദ്ധതികളും പരിമിതമായ സാഹചര്യത്തിൽ ഹ്രസ്വകാല, ദീർഘകാല വൈദ്യുതി കരാറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

;