പ്രതിപക്ഷ ഉപനേതൃപദവി തർക്കം; നിലപാട് കടുപ്പിച്ച് സി.പി.ഐ

പ്രതിപക്ഷ ഉപനേതൃപദവി തർക്കം; നിലപാട് കടുപ്പിച്ച് സി.പി.ഐ

തിരുവനന്തപുരം: എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും മുന്നണിയെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ഡൽഹിയിൽ ചേരും. കേന്ദ്ര സെക്രട്ടേറിയറ്റ്, ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങൾ നാളെ നടക്കും.

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ പ്രതികരണം പാർട്ടിയുടെ ആത്മവിശ്വാസമാണ് പ്രകടമാക്കുന്നതെന്ന് സിപിഐ നേതാവ് കെ. രാജൻ പറഞ്ഞു. സിപിഐ ഉന്നയിച്ചത് ശരിയായ ആവശ്യമാണെന്നും അതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിന്റെ സൃഷ്ടി സിപിഐയുടെയും ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കൂടി അടിസ്ഥാനത്തിലാണെന്ന് കെ. രാജൻ പറഞ്ഞു. മുന്നണി വിട്ടുപോകുമെന്ന തരത്തിൽ സിപിഐയുടെ നിലപാടിനെ തെറ്റിദ്ധരിക്കേണ്ടതില്ല. എൽഡിഎഫ് ഭിന്നിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിലപാട് എടുക്കുമ്പോൾ സിപിഐയുടേത് കടുത്ത സമീപനമായിരിക്കുമെന്നും എന്നാൽ അത് അധികാരത്തിനുവേണ്ടിയുള്ള നിലപാടല്ലെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.