ശബരിമലയിൽ മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ചിത്രീകരിക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

ശബരിമലയിൽ മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ചിത്രീകരിക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ശബരിമല ക്ഷേത്ര സന്നിധാനത്ത് ചിത്രീകരിക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി.

ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിലാണ്. ഇതാണ് ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായി വന്നത്. അതേസമയം, പമ്പ വരെയുള്ള റാന്നി വനം ഡിവിഷൻ പരിധിയിൽ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇവിടെ നാളെ ഷൂട്ടിംഗ് നടക്കും.

ചിത്രീകരണത്തിന് നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. മുഴുവൻ തിരക്കഥയും സമർപ്പിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന തരത്തിലുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്നും നിർദേശിച്ചിരുന്നു. കൂടാതെ 50,000 രൂപ കെട്ടിവെക്കുകയും വനംവകുപ്പിന്റെ അനുമതി നേടുകയും വേണമെന്ന നിബന്ധനയും ഉണ്ടായിരുന്നു.

എന്നാൽ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ സിനിമയുടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായി.

‘തുടരും’ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. മീര ജാസ്മിനാണ് നായിക. ഏറെക്കാലത്തിന് ശേഷമാണ് മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.