പട്ന: ബിഹാറിലെ ലഖിസരായി ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പുലർച്ചെ 6.30ഓടെ രണ്ട് ട്രെയിനുകളിലായി തീർഥാടകർ കൂടി എത്തിയതോടെ ക്ഷേത്രത്തിന് പുറത്തെ തിരക്ക് നിയന്ത്രണാതീതമായി. തിരക്ക് വർധിച്ചതിനെ തുടർന്ന് ബാരിക്കേഡുകൾ തകരുകയും ഭക്തർ പരസ്പരം മുകളിലേക്ക് വീഴുകയും ചെയ്തതായി ലഖിസരായി ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.