ബിജെപിയിൽ നിന്ന് രാജിവച്ച് നടൻ ദേവൻ

ബിജെപിയിൽ നിന്ന് രാജിവച്ച് നടൻ ദേവൻ

ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ദേവൻ, കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

ബിജെപിക്ക് വേണ്ടി താൻ സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനായി വലിയ സംഭാവന നൽകിയിരുന്നുവെന്നും ദേവൻ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്നതാണ് താൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയമെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന ബിജെപിയിൽ അത് കാണാൻ കഴിഞ്ഞില്ലെന്നും ദേവൻ വ്യക്തമാക്കി.

“എന്റെ രാഷ്ട്രീയ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി. നാലഞ്ച് മാസം മുൻപേ രാജിവെക്കാൻ തീരുമാനിച്ചിരുന്നു. ഈ വേദിയിൽ പ്രഖ്യാപിക്കണമെന്ന് ഇവിടെ ഇരുന്ന ശേഷമാണ് തീരുമാനിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാനുള്ള രാജിക്കത്ത് എഴുതിവച്ചിട്ടുണ്ട്,” ദേവൻ പറഞ്ഞു.