ഡി.വൈ.എഫ്.ഐക്ക് ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റ്; ചിന്താ ജെറോമിന് സാധ്യത

ഡി.വൈ.എഫ്.ഐക്ക് ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റ്; ചിന്താ ജെറോമിന് സാധ്യത

കൊല്ലം: ഡി.വൈ.എഫ്.ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തെരഞ്ഞെടുത്തേക്കും. കഴിഞ്ഞ ദിവസം ചേർന്ന ഡി.വൈ.എഫ്.ഐ ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയാകാനും ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ട്രഷററാകാനും സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് പാനലിന് അംഗീകാരം നൽകുമെന്നാണ് വിവരം.

ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കുക.

അതേസമയം, ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതിയിലും പ്രായപരിധിയിലും യോഗത്തിൽ വിമർശനമുയർന്നു. 38 വയസാണ് ഭാരവാഹികൾക്കുള്ള പരമാവധി പ്രായപരിധി. സമ്മേളനങ്ങൾ വൈകുന്നതിനാൽ പ്രായപരിധിയുടെ പേരിൽ പല നേതാക്കളും ഒഴിവാക്കപ്പെടുന്നുവെന്നായിരുന്നു വിമർശനം.

വനിതാ പ്രാതിനിധ്യത്തിലും സംഘടനയ്ക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്. പ്രധാന ജില്ലാ ഭാരവാഹികളിലൊരാൾ നിർബന്ധമായും വനിതയായിരിക്കണമെന്ന തീരുമാനമുണ്ടായിരുന്നെങ്കിലും നാല് ജില്ലകളിൽ മാത്രമാണ് വനിതകൾ പ്രസിഡന്റായത്. കണ്ണൂർ, പാലക്കാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് വനിതാ ജില്ലാ പ്രസിഡന്റുമാർ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ ഒരു ജില്ലയിലും വനിതയെ സെക്രട്ടറിയാക്കിയിട്ടില്ല.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ട്രഷറർ സ്ഥാനത്തേക്ക് വനിതകളെ തെരഞ്ഞെടുത്തിട്ടുണ്ട്. എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രധാന ഭാരവാഹിത്വങ്ങളിലേക്കും വനിതാ നേതാക്കളെ എത്തിക്കണമെന്നതാണ് പുതിയ തീരുമാനം