അബുദാബി ലുലു ഹൈപ്പർമാർക്കറ്റിലെത്തി യുഎഇ പ്രസിഡൻ്റ്
അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്രിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റും, ഫിഷ് മാർക്കറ്റിലും സന്ദർശനം നടത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ഒരു മണിക്കൂറോളം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഷ്റിഫ് മാളിൽ ചെലവഴിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിതരണം തടസ്സപ്പെടാതെ ഉറപ്പാക്കുകയും വിപണിയിൽ വിലസ്ഥിരത നിലനിർത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്ത യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ ലുലു സ്വീകരിച്ച മുൻകരുതലുകളും വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി നടത്തിയ ശ്രദ്ധേയമാണെന്നും ഇടപെടലുകളുടെയും നേർസാക്ഷ്യം കൂടിയായി യുഎഇ ഭരണാധികാരിയുടെ ലുലുവിലെ സന്ദർശനം.

ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ് ഉൾപ്പെടെയുള്ള ലുലു ഗ്രൂപ്പ് മാനേജ്മെൻ്റ് നേതൃത്വവുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
അപ്രതീക്ഷിതമായി യുഎഇ ഭരണാധികാരിയെ നേരിട്ട് കാണാനായതിന്റെ ആവേത്തിലായിരുന്നു ഉപഭോക്താക്കൾ. ജനങ്ങളോട് വിശേഷങ്ങൾ തിരക്കി സന്തോഷം പങ്കുവച്ച അദേഹത്തിന്റെ അടുത്തെത്തിയവർക്ക് സെൽഫി എടുക്കാനും അവസരം ലഭിച്ചു.