തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാരിന്റെ ഉറപ്പിനെ തുടർന്ന് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസമായി തുടരുന്ന സമരത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് സമവായത്തിലെത്തിയത്.
ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിക്കുന്നതായി റാങ്ക് ഹോൾഡേഴ്സ് നേതാക്കൾ അറിയിച്ചത്. എന്നാൽ സമരപ്പന്തലിൽനിന്ന് പൂർണമായി പിന്മാറില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ സമരപ്പന്തലിൽ തുടരാനാണ് റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.