‘സാമ്പത്തിക ലക്ഷ്യത്തോടെയാണ് ബിജെപിയിലെത്തിയത്’; റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി വേദ് ലക്ഷ്മി

‘സാമ്പത്തിക ലക്ഷ്യത്തോടെയാണ് ബിജെപിയിലെത്തിയത്’; റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി വേദ് ലക്ഷ്മി

കൊച്ചി: റിയാലിറ്റി ഷോ താരവും ബിജെപി യുവനേതാവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. സാമ്പത്തിക ലക്ഷ്യം മുൻനിർത്തിയാണ് റോബിൻ ബിജെപിയിലേക്ക് എത്തിയതെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം. ഇതിന് തെളിവെന്ന നിലയിൽ റോബിന്റേതെന്ന് അവകാശപ്പെടുന്ന വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റും വേദ് ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

ബിജെപിയുടെ ആശയങ്ങളെയോ നയങ്ങളെയോ കുറിച്ച് തനിക്ക് കാര്യമായ അറിവില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമാണെന്നും ഓഡിയോയിൽ റോബിൻ പറയുന്നതായി വേദ് ലക്ഷ്മി ആരോപിച്ചു. ബിജെപിയെക്കുറിച്ച് വിവാദ പരാമർശങ്ങളും ഓഡിയോയിൽ ഉണ്ടെന്നാണ് വേദ് ലക്ഷ്മിയുടെ അവകാശവാദം.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് റോബിൻ രാധാകൃഷ്ണൻ വേദ് ലക്ഷ്മിക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാവിലെ 11 മണിയോടെ റോബിൻ നേരിട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയതെന്നാണ് വിവരം.

പരാതി പ്രാഥമികമായി പരിശോധിച്ച ശേഷം എതിർകക്ഷികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.പൊലീസ് നടപടിയോട് പ്രതികരിച്ച് വേദ് ലക്ഷ്മിയും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ജോലിയുള്ളതിനാൽ ജോലി പൂർത്തിയാക്കിയ ശേഷം സൗകര്യപ്രദമായ സമയത്ത് സ്റ്റേഷനിലെത്തി തന്റെ ഭാഗം വിശദീകരിക്കുമെന്ന് അവർ പറഞ്ഞു.

റോബിൻ നിയമനടപടി സ്വീകരിച്ചതിനെ പരിഹസിച്ചും വേദ് ലക്ഷ്മി പ്രതികരിച്ചു. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും റോബിനെതിരെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പൊലീസിനോട് വിശദീകരിക്കുമെന്നും അവർ വ്യക്തമാക്കി.