തിരുവനന്തപുരം: ശബരിമല നെയ് ക്രമക്കേട് കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കും. മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് അന്വേഷണ സംഘത്തിലുള്ളത്. മേൽനോട്ടത്തിനായി എസ്.പി.മാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകൾ വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിൽ നിർണായക തെളിവായി പരിഗണിക്കുന്നത് ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു നൽകിയ റിപ്പോർട്ടാണ്. മിൽമയുടെ നെയ് ഉപയോഗിച്ചാൽ അരവണയുടെ ഗുണമേന്മ മെച്ചപ്പെടുമെന്നും, ഒരു പ്രസാദക്കൂട്ടിന് ആവശ്യമായ നെയ്യിന്റെ അളവ് 10 ലിറ്ററിൽ നിന്ന് 7 ലിറ്ററായി കുറയ്ക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇതിനുപുറമെ, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ശബരിമല മെയിൻ സ്റ്റോറിലേക്ക് സാധനങ്ങൾ വാങ്ങുന്നതിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിലൂടെ 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ആവശ്യത്തിന് അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയതായും, അഭിഷേകത്തിനായുള്ള വാങ്ങലിന്റെ മറവിലായിരുന്നു ഈ ക്രമക്കേടുകളെന്നും അന്വേഷണത്തിൽ കണ്ടെത്തി. മെയിൻ സ്റ്റോർ സൂപ്രണ്ടുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്.