രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും: മുഖ്യമന്ത്രി

രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. രാജേഷിന്റെ വീടിന്റെ നിർമാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനായി വിരമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

2026-27 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ആദ്യ ഗഡുവായി 2,029.15 കോടി രൂപ അനുവദിച്ചു. മുൻ സർക്കാർ മൂന്നാം ഗഡു നൽകാതിരുന്നതിനെ തുടർന്ന് സ്പിൽഓവർ പദ്ധതികൾക്കായി മുനിസിപ്പാലിറ്റികൾക്ക് 136 കോടിയും കോർപ്പറേഷനുകൾക്ക് 188 കോടിയും അധികമായി നൽകും. പാചകത്തൊഴിലാളികളുടെ വേതനത്തിനായി 44 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേരാണ് കഴിയുന്നത്. 26 മരണങ്ങളും നാല് പേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു. 1,882 ഹെക്ടർ കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായതോടെ 23,537 കർഷകരെ ബാധിക്കുകയും 67.44 കോടി രൂപയുടെ കൃഷിനാശം രേഖപ്പെടുത്തുകയും ചെയ്തു.

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ അനുവദിക്കും. സംസ്കാരച്ചെലവിനും 10,000 രൂപ നൽകും. പൂർണമായും തകർന്ന വീടുകൾക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപയും നൽകും.

ഒരു കുടുംബത്തിലെ റേഷൻ കാർഡിലുള്ള രണ്ട് പേർക്ക് 300 രൂപ വീതം ധനസഹായം നൽകാനും വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് വാടക നൽകാനും തീരുമാനിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യാപാരികൾക്കും എംഎസ്എംഇകൾക്കും സഹായം

വെള്ളം കയറി കടകൾ നശിച്ച വ്യാപാരികൾക്ക് 10,000 രൂപ ധനസഹായം നൽകും. നാശനഷ്ടമുണ്ടായ എംഎസ്എംഇകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ബാങ്കുകളുമായി സഹകരിച്ച് 12 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതി നടപ്പാക്കും.

വായ്പയുടെ 25 ശതമാനം വരെയോ പരമാവധി 3 ലക്ഷം രൂപ വരെയോ മാർജിൻ മണിയായി സർക്കാർ ബാങ്കിൽ നിക്ഷേപിക്കും. മാർജിൻ മണി വേണ്ടാത്തവർക്ക് വായ്പയുടെ 9 ശതമാനം പലിശ സർക്കാർ വഹിക്കും. വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ട് നേരിടുന്നവർക്കും 9 ശതമാനം പലിശ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു