തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനെ തുടർന്ന് ഓഗസ്റ്റ് 4 (ചൊവ്വാഴ്ച) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് അതിതീവ്ര മഴയായി കാലാവസ്ഥാ വകുപ്പ് വിശേഷിപ്പിക്കുന്നത്.
ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓഗസ്റ്റ് 4 മുതൽ 8 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിലും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ പ്രധാന കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മലയോര മേഖലകളിലും വെള്ളപ്പൊക്ക-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.