സൗജന്യ യാത്ര പരാമർശം; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സി.പി. ജോൺ

സൗജന്യ യാത്ര പരാമർശം; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സി.പി. ജോൺ

കൊച്ചി: പ്രിയദർശിനി പദ്ധതിയിലെ സൗജന്യ ബസ് യാത്രയെ കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി സി.പി. ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

“യാത്ര ചെയ്യാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത നിരവധി സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് താൻ ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ എല്ലാവരും ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറഞ്ഞിട്ടില്ല. ആദ്യം എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കേണ്ടതായിരുന്നു,” എന്നും മന്ത്രി പറഞ്ഞു.

സൗജന്യ യാത്രയെ കുറിച്ചുള്ള മന്ത്രിയുടെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് വിശദീകരണം. കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര ഉപയോഗിക്കുന്ന ചില സ്ത്രീകൾ മക്കളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നവരാണെന്നും, എന്നാൽ ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് സി.പി. ജോണിന്റെ പരാമർശങ്ങൾ. “പണക്കാരൻ പാവപ്പെട്ടവനായി അഭിനയിക്കുന്നു, പാവപ്പെട്ടവൻ പണക്കാരനായും അഭിനയിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ഈ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്,” എന്ന മന്ത്രിയുടെ വാക്കുകൾ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.