തൃഷയെ കുറിച്ചുള്ള അശ്ലീല പരാമർശം; ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃഷയെ കുറിച്ചുള്ള അശ്ലീല പരാമർശം; ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ: കാവേരി ജലവിഷയത്തിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ നടി തൃഷയെയും തമിഴ്നാട് മുഖ്യമന്ത്രി വിജയിയെയും ചേർത്ത് നടത്തിയ അശ്ലീല പരാമർശത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഉദയനിധിക്കെതിരെ ആറു വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് നടപടിക്കായി ഇന്ന് രാവിലെ നീലാങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെ, അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനുമുമ്പ് തന്നെ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ നടന്ന ഡിഎംകെ പ്രതിഷേധയോഗത്തിനിടെയാണ് വിവാദത്തിന് ഇടയായ പരാമർശം ഉണ്ടായത്. പ്രസംഗത്തിനിടെ പ്രവർത്തകർ “തൃഷ” എന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ് വ്യാപക വിമർശനത്തിന് വഴിവെച്ചത്.

സംഭവത്തെ തുടർന്ന് ടിവികെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനവ്യാപക പ്രതിഷേധത്തിനും ടിവികെ ആഹ്വാനം ചെയ്തു. ടിവികെ വനിതാ വിഭാഗം നേതാവ് ഭൈരവി ദേശീയ വനിതാ കമ്മിഷനിലും തഞ്ചാവൂർ പൊലീസിലും പരാതി നൽകി.

ബിജെപിയും ഉദയനിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.