കൊച്ചി:വയനാട്ടിലെ മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചു. കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി, ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ ആ കുറ്റത്തിൽ വെറുതെവിട്ടു. അതേസമയം, മറ്റ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ 22 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കേസിൽ കൊലപാതകം നടത്തിയത് ഒരാൾ മാത്രമാണെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. എന്നാൽ ആ വ്യക്തി നിലവിൽ ജീവിച്ചിരിപ്പില്ലെന്നും വിധിയിൽ പരാമർശിച്ചു. പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വാദം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒന്നാം പ്രതിയായ എം. ഗീതാനന്ദനെതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ കുറ്റക്കാരാണെന്നും വിധിയിൽ പറയുന്നു.
2003 ഫെബ്രുവരി 19-ന് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന സംഘർഷമാണ് കേസിന് ആധാരം. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ആദിവാസി ഗോത്രമഹാസഭ നടത്തിയ സമരത്തിനിടെ, സമരക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഈ സംഭവത്തിനിടെയാണ് കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. അതേസമയം, പൊലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും മരിച്ചിരുന്നു.
ആദ്യം സംസ്ഥാന പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. വിചാരണ നടപടികൾ വിവിധ ഘട്ടങ്ങൾ പിന്നിട്ട് 2016-ലാണ് ആരംഭിച്ചത്. കേസിലെ പ്രതികളെ ഹാജരാക്കുന്നതിലുണ്ടായ കാലതാമസവും വിചാരണയ്ക്കിടെ 15 പ്രതികൾ മരണപ്പെട്ടതും നടപടികൾ ദീർഘിക്കാൻ കാരണമായതായി കോടതി രേഖപ്പെടുത്തി.