ടോക്കിയോ: ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഭൂചലനമുണ്ടായത്.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. പരമാവധി 3.28 അടി (ഏകദേശം ഒരു മീറ്റർ) ഉയരമുള്ള തിരമാലകൾ തീരത്ത് ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. നിലവിൽ ആളപായമോ വ്യാപക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കുമമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ക്യൂഷു ദ്വീപിലെ മറ്റ് പ്രവിശ്യകളിലും അടിയന്തര ഭൂചലന ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്