കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങൾ ലംഘിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് മരിച്ചവരിൽ 32 പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുകമ്പാ നിയമന ഉത്തരവുകൾ കൈമാറിയിരുന്നു.

ദുരന്തബാധിത കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ദുരിതാശ്വാസ-പുനരധിവാസ നടപടികളുടെ ഭാഗമായാണ് നിയമനങ്ങൾ നൽകിയതെന്ന് സർക്കാർ വിശദീകരിച്ചിരുന്നു.

എന്നാൽ, ഈ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നിയമപരമായ സ്റ്റാറ്റ്യൂട്ടറി നടപടിക്രമങ്ങൾ പാലിക്കാതെയാണ് താൽക്കാലിക സർക്കാർ ജോലികൾ നൽകിയതെന്നും, ഇത് തുല്യാവകാശത്തിന്റെയും പൊതുജന നിയമന മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി, ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും തുല്യ അവസരത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ സർക്കാർ ഉത്തരവ് അസാധുവാണെന്ന് വിധിച്ചു.