പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഏകീകൃത പൊലീസ് പ്രോട്ടോക്കോൾ രൂപീകരിക്കണം; ജന്തർമന്ദിർ പോലീസ് മർദനത്തിൽ‌ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഏകീകൃത പൊലീസ് പ്രോട്ടോക്കോൾ രൂപീകരിക്കണം; ജന്തർമന്ദിർ പോലീസ് മർദനത്തിൽ‌ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ സുപ്രീംകോടതി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശമാണെന്നും അത് അനാവശ്യമായി തടയാനോ നിഷേധിക്കാനോ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഏകീകൃത പൊലീസ് പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യമുണ്ടോ എന്ന് പൊലീസ് ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും, പ്രതിഷേധം നടക്കുന്നു എന്ന കാരണത്താൽ മാത്രം ലാത്തിച്ചാർജ് പോലുള്ള ബലപ്രയോഗം നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥരും നിയമപരമായ അച്ചടക്കവും നിയന്ത്രണവും പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ സമാധാനപരമായ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിഷേധങ്ങളിൽ പൊലീസിന്റെ ഇടപെടലുകൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് നേരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗം നടത്തിയതും പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് സമയം ലഭ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് ചർച്ചയായിരുന്നു. തുടർന്ന്, നിയമപരമായി സമ്പൂർണമായ ഹർജി അന്ന് മുന്നിലില്ലായിരുന്നതിനാലാണ് വിഷയം പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.