രാജ്യവ്യാപകമായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. പാർലമെന്റിലും തെരുവുകളിലും പ്രതിഷേധങ്ങൾ ഉയരുകയാണ്. കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും കേന്ദ്ര സർക്കാരിനെയും നീറ്റ് പരീക്ഷ പാളിച്ചകളേയും സംവിധാനത്തെയും രൂക്ഷമായി വിമർശിക്കുകയും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ സമരത്തോട് െഎക്യപ്പെടുക എന്നത് നല്ലകാര്യം തന്നെയാണ്. ഒരു ജനാധിപത്യത്തിൽ ദേശീയതലത്തിലെ പരീക്ഷകളിലെ ക്രമക്കേടുകളെ ചോദ്യം ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ അവകാശവും കടമയുമാണ്. പക്ഷേ സ്വന്തം കൺമുന്നിൽ നടക്കുന്ന നിയമനരിധോനങ്ങളിലേക്ക് കൺതുറന്ന് നോക്കാൻ കേരളത്തിലെ പുതിയ സർക്കാരോ അവരെ പിന്തുണയ്ക്കാൻ യുവജന പ്രസ്ഥാനങ്ങളോ എത്തുന്നില്ല എന്നതാണ് വസ്തുത.
. നിയമന നടപടികളിലെ കാലതാമസം, റാങ്ക് ലിസ്റ്റുകളുടെ കാലാവധി, പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള വിമർശനങ്ങൾ, ഉദ്യോഗാർഥികളുടെ തുടർച്ചയായ പ്രതിഷേധങ്ങൾ തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും പൊതുചർച്ചയാകാറുണ്ട്. ഈ വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും പലപ്പോഴും പരസ്പരം കുറ്റപ്പെടുത്തുന്നതിൽ ഒതുങ്ങുകയാണ്.
ഒരു വിഷയത്തിൽ ശക്തമായി പ്രതികരിക്കുകയും സമാന സ്വഭാവമുള്ള മറ്റൊരു വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവി ദേശീയതലത്തിലായാലും സംസ്ഥാനതലത്തിലായാലും ഒരുപോലെ പ്രാധാന്യമുള്ളതാണ്. അതിനാൽ, നീറ്റിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പി.എസ്.സി.യുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തമായ നിലപാടും പരിഹാര നടപടികളും ആവശ്യപ്പെടേണ്ട ബാധ്യതയുണ്ട്.
ജനങ്ങൾക്ക് വേണ്ടത് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളല്ല; സുതാര്യവും വിശ്വാസ്യതയുള്ളതുമായ പരീക്ഷാ-നിയമന സംവിധാനമാണ്. പരീക്ഷകൾ നിഷ്പക്ഷമായും നിയമനങ്ങൾ സമയബന്ധിതമായും നടക്കുമെന്ന വിശ്വാസമാണ് യുവജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷ.
അതിനാൽ, നീറ്റ് ആണെങ്കിലും പി.എസ്.സി. ആണെങ്കിലും, വിദ്യാഭ്യാസവും തൊഴിലും രാഷ്ട്രീയ ആയുധമാകരുത്. ഏതെങ്കിലും സംവിധാനത്തിൽ ക്രമക്കേടുകളോ ഭരണപരമായ വീഴ്ചകളോ ഉണ്ടെങ്കിൽ, അവ രാഷ്ട്രീയ നിറം നോക്കാതെ അന്വേഷിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണം. ജനാധിപത്യത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള ഏക മാർഗം അതാണ്.