ശബരിമല കൊള്ളക്കേസ് ; പി.എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല കൊള്ളക്കേസ് ; പി.എസ് പ്രശാന്ത് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

2025-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിമാറ്റി ചെന്നൈയിലേക്ക് സ്വർണം പൂശുന്നതിനായി കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 2019-ൽ ശബരിമലയിൽ നടന്നതായി പറയുന്ന സ്വർണത്തട്ടിപ്പ് മറച്ചുവെക്കാൻ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെയും വ്യാജരേഖകൾ തയ്യാറാക്കിയുമാണ് സ്വർണപ്പാളികൾ കടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ, മുൻ തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കും പങ്കുണ്ടെന്ന് എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശപ്രകാരമാണ് പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റ് ചിലരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

അതേസമയം, എസ്‌ഐടി കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഏത് നിമിഷവും അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും പ്രശാന്ത് വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതമായാണ് തന്നെ കേസിൽ പ്രതിയാക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.