തിരുവനന്തപുരം: ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദിന് കെ.എസ്.യുവും എ.ഐ.എസ്.എഫും ആഹ്വാനം ചെയ്തു.
ഡൽഹിയിൽ നടന്ന പോലീസ് നടപടിക്കെതിരെയാണ് കെ.എസ്.യു വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും സംഘടന അറിയിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഡൽഹിയിൽ വിദ്യാർഥി-യുവജന മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് എ.ഐ.എസ്.എഫും സംസ്ഥാനവ്യാപക വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസേനയുടെയും ഡൽഹി പോലീസിന്റെയും നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംഘടന ആരോപിച്ചു.