നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ തുരങ്കത്തിൽ ഉണ്ടായ മിഥേൻ വാതക സ്ഫോടനവും തുടർന്നുണ്ടായ മണ്ണിടിച്ചിലും വൻ ദുരന്തമായി. അപകടത്തിൽ ഇതുവരെ എട്ട് പേർ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയും എൻഎച്ച്പിസി സീനിയർ മാനേജറുമായ ജിയോളജിസ്റ്റ് അനീഷ് മോഹൻ ഉൾപ്പെടെ നിരവധി പേരെ കാണാതായിട്ടുണ്ട്.
ശാസ്ത്രലേഖകനും സയൻസ് വ്ലോഗറുമായ അനീഷ് മോഹനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ രക്ഷാദൗത്യം ശക്തമാക്കിയിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ടോക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, തുരങ്കത്തിനുള്ളിലെ മാരകമായ വാതകസാന്നിധ്യം, കുറഞ്ഞ ഓക്സിജൻ അളവ്, വെളിച്ചക്കുറവ് എന്നിവ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.
പട്ടേൽ എൻജിനീയറിങ് നിർമിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ തുരങ്കത്തിൽ ഏകദേശം 1.5 കിലോമീറ്റർ അകലെ മിഥേൻ വാതകം അടിഞ്ഞുകൂടിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാതകം പുറത്തേക്കു വിടാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടർന്നാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണതെന്നാണ് അധികൃതരുടെ നിഗമനം. അപകടമുണ്ടായ ഉടൻ ചില തൊഴിലാളികൾക്ക് പുറത്തേക്കു രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും മറ്റുള്ളവർ തുരങ്കത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.