മോഹൻലാലിനെ അപകീർത്തിപ്പെടുത്തിയെന്ന്ആരോപിച്ച് യൂട്യൂബർ ചെകുത്താനെതിരെആക്രമണം; അഞ്ച് പേർക്ക് എതിരെ കേസ്

മോഹൻലാലിനെ  അപകീർത്തിപ്പെടുത്തിയെന്ന്ആരോപിച്ച് യൂട്യൂബർ ചെകുത്താനെതിരെആക്രമണം; അഞ്ച് പേർക്ക് എതിരെ കേസ്

കൊച്ചി: യൂട്യൂബിൽ ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന അജു അലക്സിന് നേരെ ആക്രമണമുണ്ടായതായി പരാതി. ഇടപ്പള്ളിയിൽ നടന്ന സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴും ചിലർ പിന്തുടർന്ന് മർദിച്ചതായി അജു ആരോപിച്ചു.

മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും അധിക്ഷേപിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അജു അലക്സ് മുൻപ് തിരുവല്ല നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 2024-ൽ നടൻ മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

ആ കേസിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും കേരള പൊലീസ് ആക്ടിലെ അനുബന്ധ വകുപ്പുകളും ചുമത്തിയിരുന്നു. വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ സൈനിക വേഷത്തിൽ എത്തിയ മോഹൻലാലിനെ വിമർശിച്ച് പ്രസിദ്ധീകരിച്ച വീഡിയോയാണ് അന്നത്തെ കേസിന് ആധാരമായത്. നിലവിലെ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.