പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. കഴിഞ്ഞ ദിവസമാണ് കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2025 ജനുവരി 27-നാണ് നെന്മാറയിലെ പോത്തുണ്ടി ബോയൻ നഗറിൽ നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. സുധാകരൻ (55), മാതാവ് ലക്ഷ്മി (75) എന്നിവരെ വീടിന് മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ സുധാകരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകന്റെ നിലവിളി കേട്ട് പുറത്തേക്കെത്തിയ ലക്ഷ്മിയെയും പ്രതി ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ കേസ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലക്ഷ്മിയും മരണത്തിന് കീഴടങ്ങി.
ഈ കേസിന് പിന്നിൽ പഴയ വൈരാഗ്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2019-ൽ സുധാകരന്റെ ഭാര്യ സജിത കൊല്ലപ്പെട്ട കേസിലും ചെന്താമരയാണ് പ്രതി. കുടുംബജീവിതം തകരാൻ സജിതയും സുധാകരനും ലക്ഷ്മിയുമാണ് കാരണമെന്ന് ആരോപിച്ചായിരുന്നു ആ കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
സജിത വധക്കേസിൽ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചിരുന്നു. കൂടാതെ 3.25 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന വിഭാഗത്തിൽപ്പെടുന്നതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.ഇന്ന് പ്രഖ്യാപിക്കുന്ന ശിക്ഷാവിധിയോടെ നെന്മാറ ഇരട്ടക്കൊലക്കേസിലെ നിർണായക നിയമനടപടിക്ക് സമാപനമാകും.