പാലക്കാട്: മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച മെറിറ്റ് അനുമോദന ചടങ്ങിൽ വിദ്യാർഥികളോട് മാനസിക പ്രയാസം ഉണ്ടാകുന്ന തരത്തിൽ പെരുമാറിയെന്ന പരാതിയിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നടപടി സ്വീകരിച്ചത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മെറിറ്റ് ഈവനിംഗ്’ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദത്തിന് ഇടയായ സംഭവം.
ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ കെ.ടി. ജലീൽ ആവശ്യപ്പെട്ടു. എഴുത്തിൽ പിഴവുകൾ സംഭവിച്ചതിനെ തുടർന്ന്, “അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് വിദ്യാർഥികളെ പൊതുവേദിയിൽ ശാസിച്ചതായും, ഒരു വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളിയതായും ആരോപണമുണ്ട്.
ഇത്തരം പെരുമാറ്റം കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ തുടർനടപടികളുടെ ഭാഗമായി ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടുമെന്നാണ് സൂചന.