സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും ചില്ലകൾ ഒടിഞ്ഞുവീണ് അപകടങ്ങൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീടുകളുടെ പരിസരത്തെ അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടിമാറ്റുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ അവ മുൻകൂട്ടി സുരക്ഷിതമാക്കണം. കാറ്റും മഴയും ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും ടെറസുകളിലും തുറസായ സ്ഥലങ്ങളിലും നിൽക്കുന്നത് ഒഴിവാക്കുകയും വേണം.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ സുരക്ഷിതമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമുണ്ടെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 കൺട്രോൾ റൂമിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികൾ പൊതുജനങ്ങൾ സ്വയം ചെയ്യാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതിരാവിലെ ജോലിക്ക് പോകുന്നവർ, കർഷകർ, നിർമാണ തൊഴിലാളികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിനിൽക്കണമെന്നും നിർദേശമുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയുടെ Nowcast മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ നിരന്തരം പുതുക്കുന്നതിനാൽ അവ ശ്രദ്ധിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.